നേരുറപ്പിന്റെ ചൂട്ടും കത്തിച്ച് വരുന്ന കഥകൾ
.........“രാജി അരിച്ചെമ്പ് വെച്ചിടത്തേയ്ക്ക് പാത്രവും അളവ് ഗ്ലാസും കൊണ്ട് നടന്നപ്പോൾ സ്വാതി ഇറങ്ങിയോടി. പറമ്പിലേയ്ക്ക്. ഓണത്തിന് രാമൻ കെട്ടിക്കൊടുത്ത ഊഞ്ഞാലിൽ കേറിയിരുന്ന് ആടിത്തുടങ്ങി. വന്യമായ വേഗതയിൽ, താളത്തിൽ ആടിയുയരുമ്പോൾ കീഴ്പ്പോട്ടുള്ള കാഴ്ചയിൽ തനിക്ക് താഴെ എല്ലാം ചെറുതാകുകയാണെന്ന് അവൾക്ക് തോന്നി. കൂടുതൽ കൂടുതൽ ഉയരത്തിലേക്ക്, മാവിന്റെ ഉച്ചിയിലേക്ക് ഊഞ്ഞാലിനൊപ്പം പറക്കാൻ ആ കാലുകൾ കൃത്യമായ ഇടവേളകളിൽ പിറകോട്ട് വലിഞ്ഞ് മണ്ണിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ കാറ്റിലാകെ ഉണക്കമുന്തിരി നെയ്യിൽ മൂക്കുന്ന മണം പടർന്നു.”
ശ്രുതി രാജന്റെ ‘തീണ്ടാരിത്തുണി’ എന്ന ധൈര്യക്കൂടുതലുള്ള കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. കഥയിവിടെ അവസാനിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കഥയിവിടെ ആരംഭിക്കുകയാണ്. കഥയിലെ സ്വാതിയെന്ന പതിനൊന്നുകാരി പുരുഷാധികാരവീർപ്പുമുട്ടലുകളിൽ കിതയ്ക്കുന്ന മുഴുവൻ പെണ്ണുങ്ങളെയും കൂടെക്കൂട്ടിക്കൊണ്ട്, പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുവഴിയിലേക്ക് ഊഞ്ഞാലാട്ടം തുടങ്ങുകയാണ്. പുരുഷാധിപത്യത്തിന്റെ തീർപ്പുകളിലും ചിട്ടവട്ടങ്ങളിലും മാറാനടത്തങ്ങളിലും യാഥാസ്ഥിതിക സമ്പ്രദായങ്ങളിൽ നിന്നും പിന്തുണയേതുമില്ലാതെ പെണ്ണുങ്ങൾ ഒരുമ്പെട്ടിറങ്ങുന്നതിന്റെ ശ്രേഷ്ഠാരംഭമാണ്. കഥയ്ക്കവിടെ ഫുൾസ്റ്റോപ്പ് വീഴുന്നുണ്ടെങ്കിലും ഈ കഥയൊരു വൈദ്യുതകമ്പിയാണ്, തൊട്ടാൽ ഷോക്കടിക്കുക തന്നെ ചെയ്യും. ആഘാതത്തിൽ നിന്ന് മോചിതരാകാൻ സമയമെടുക്കും. വായിക്കുന്നവൾക്ക് അത് പ്രതീക്ഷയുടെ ഒറ്റത്തുരുത്താണ്, വായിക്കുന്ന കുലപുരുഷനാകട്ടെ ആത്മരോഷത്തിന്റെ നെറ്റിചുളിക്കലും. അശുദ്ധിയല്ല ആർത്തവം എന്ന സമകാലിക സാമൂഹ്യവിചാരത്തിന്റെ കരങ്ങൾ ചേർത്തുപിടിക്കുന്നതിനൊപ്പം തന്റിടം തന്റേടത്തോടെ പെണ്ണുങ്ങൾ നേടിയെടുക്കുമെന്ന സത്യവും കഥയുടെ വെള്ളിവെളിച്ചമാകുന്നു.
തീണ്ടാരിത്തുണിയെന്ന കഥ മുൻപറ്റുന്ന സ്ത്രീവിമോചനത്തിന്റെ രാഷ്ട്രീയം തന്നെയാണ് ശ്രുതി രാജന്റെ സമാഹാരത്തിലെ മുഴുവൻ കഥകളുടെയും അന്തർധാരയായി നിൽക്കുന്നത്. മാത്രമല്ല എഴുത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാവുന്നു. കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, ഗ്രേസി, സിതാര.എസ് തുടങ്ങിയ എഴുത്തുകാരികൾ തങ്ങളുടെ സർഗ്ഗാത്മകരചനകളിൽ ആഖ്യാനം ചെയ്ത പെണ്ണിടങ്ങളിലേക്കുള്ള വടക്കേമലബാറിലെ പുതുതുടർച്ച കൂടിയാകുന്നു ശ്രുതിയുടെ കഥകൾ.
അത്യുത്തരകേരളത്തിന്റെ ജീവിതവും ശീലങ്ങളും ആചാരങ്ങളും ഭാഷയും തീണ്ടാരിത്തുണിയിലെ കഥകളെ ആകർഷകമാക്കുന്നു. കഥകളുടെ പരിസരത്തോട് കൊന്നാലും ഞാൻ വിട്ടുപോവില്ലെന്ന ആത്മധൈര്യത്തോടെ വടക്കേ മലബാർ, കഥകളുടെ അടിയാധാരമാകുന്നു. മുച്ചിലോട്ടമ്മ തുടങ്ങിയ രചനകളിലൂടെ നളിനി ബേക്കലും കല്ല്യാണിയമ്മയുടെയും ദാക്ഷായണിയമ്മയുടെയും കതയെന്ന നോവലിലൂടെ കെ.രാജശ്രീയും നിർവ്വഹിച്ച വടക്കേമലബാർ പകർന്നാട്ടം കൂടിയാകുന്നു ശ്രുതിയുടെ രചനകൾ.
പി.വി. ഷാജികുമാർ
Title: Theendaarithuni Charitham
Author: Sruthi Rajan