അനിൽകുമാറിന്റെ ചുവന്നു പൊട്ടിയ വരമ്പുകൾ എന്ന ചെറുനോവൽ വായനക്കാരനെ ഗൃഹാതുരതയുടെ നേർത്ത വരമ്പിലൂടെ നടത്തിക്കൊണ്ടുപോകുമ്പോൾ നഗ്നമായ കാലടികളിൽ ഗ്രാമീണതയുടെ നനുനനുത്ത പുൽനാമ്പുകൾ ഇക്കിളിയിടുന്ന സുഖം പടർത്തുന്നുണ്ട്.
തെലങ്കാനയുടെ വരണ്ട മണ്ണിൽ നിന്നും ജീവിത യാഥാർത്ഥ്യങ്ങളുടെ കയ്പുമായി തുടങ്ങുന്ന നോവൽ ഏറെദൂരം പോകുംമുന്നെ തന്നെ കുഞ്ഞെറിയൂർ എന്ന മനോഹരമായ ഗ്രാമത്തിൽ എത്തിച്ചേരുന്നു. നാട്ടിൽ എല്ലാം ഉത്സവങ്ങളാണെന്ന് എഴുത്തുകാരൻ പറയുമ്പോൾ വായനക്കാരനും നാടിന്റെ നിഷ്കളങ്കത ഏറ്റുവാങ്ങുന്നുണ്ട്.